മാളികപ്പുറം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ദേവനന്ദ ഇപ്പോൾ മലയാള സിനിമയിലെ മിന്നുംതാരമാണ്. താരത്തിന്റെ സംസാരരീതി പോലും വലിയ ചർച്ചകൾക്കിട വരുത്തിയിട്ടുണ്ട്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്ത് എത്താറുമുണ്ട്.
ഇപ്പോഴിതാ ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന കല്യാണമരം എന്ന പുതിയ കോമഡി-ത്രില്ലർ ചിത്രത്തിന്റെ പ്രസ് മീറ്റിലും ഓഡിയോ ലോഞ്ചിലും താരമായിരിക്കുകയാണ് ദേവനന്ദ.
അച്ഛനും അമ്മയും പറഞ്ഞു പഠിപ്പിച്ചു വിടുന്നതല്ല ഞാൻ പറയുന്നത് എന്ന് താരം ഇത്തരം ചോദ്യങ്ങളോട് പ്രതികരിച്ചു.
താൻ അഭിനയിക്കുന്ന സിനിമകളിലെ മുതിർന്ന താരങ്ങളെ നിരീക്ഷിച്ചും, ഓരോ ലൊക്കേഷനുകളിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങളിൽ നിന്നുമാണ് താൻ സംസാരിക്കാൻ പഠിക്കുന്നതെന്ന് ദേവനന്ദ പറയുന്നു. അച്ഛനും അമ്മയും നൽകുന്ന ഗൈഡൻസ് ഉണ്ടെങ്കിലും, മാധ്യമപ്രവർത്തകർ അപ്പപ്പോൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് തന്റെ അറിവുവെച്ച് മറുപടി പറയുകയാണെന്നും അതിൽ തെറ്റും ശരിയും ഉണ്ടാകാമെന്നും ദേവനന്ദ പറഞ്ഞു.
'‘അച്ഛനും അമ്മയും പഠിപ്പിച്ചു തന്നു വിടുന്നതല്ല ഞാൻ പറയുന്നത്. നിങ്ങൾക്ക് എല്ലാവർക്കും അറിയാം, നമ്മുടെ ജീവിതത്തിൽ സ്വയം പഠിച്ചെടുക്കുന്ന കാര്യങ്ങളാണോ അതോ പൂർണമായും മാതാപിതാക്കളുടെ മാർഗനിർദ്ദേശമാണോ എന്ന് ചോദിച്ചാൽ, ഞാൻ പറയുന്ന കാര്യങ്ങളെല്ലാം ഞാൻ നിരീക്ഷിക്കുന്നതാണ്.
ഇപ്പോൾ ഓരോ പ്രഫഷനൽ അഭിനേതാക്കളുടെ കൂടെ വർക്ക് ചെയ്യുമ്പോൾ അവിടുന്ന് കിട്ടുന്ന അനുഭവങ്ങൾ, ഓരോ പുതിയ ആളുകളെ കാണുമ്പോഴും അവർ പകർന്നു തരുന്ന അറിവുകൾ എല്ലാം വ്യത്യസ്തമായിരിക്കും.
നമ്മൾ പോകുന്ന ഇടങ്ങളിൽ നിന്നൊക്കെ കിട്ടുന്ന അറിവാണത്. ഞാൻ പറയുന്നത് ഒരുപക്ഷേ തെറ്റായിരിക്കാം, കാരണം എനിക്ക് കിട്ടുന്ന ആ പരിമിതമായ അറിവിൽ നിന്നുകൊണ്ടാണ് ഞാൻ സംസാരിക്കുന്നത്. അല്ലാതെ അച്ഛനും അമ്മയും ഓരോ വാക്കും പഠിപ്പിച്ചു തരുന്നതല്ല.
നിങ്ങളൊക്കെ ഏത് ചോദ്യമാണ് ചോദിക്കാൻ പോകുന്നതെന്ന് ഞങ്ങൾക്ക് നേരത്തെ അറിയാൻ കഴിയില്ല. നമ്മൾ ഇവിടെ വന്നിരിക്കുമ്പോൾ നിങ്ങളുടെ മനസിൽ ആ സാഹചര്യത്തിൽ എന്താണോ തോന്നുന്നത്, അതാണ് മാധ്യമപ്രവർത്തകർ ചോദിക്കാറുള്ളത്. ആ നിമിഷത്തിൽ തന്നെയാണ് ഞങ്ങൾ അതിന് മറുപടി നൽകുന്നത്.
പലർക്കും ഉള്ള സംശയമാണ് ഇന്റർവ്യൂവിന് മുൻപേ ചോദ്യങ്ങൾ നൽകാറുണ്ടോ എന്നും, ഞങ്ങൾ അത് പഠിച്ചു തയ്യാറെടുത്തു വന്നാണോ മറുപടി പറയുന്നതെന്നും. എന്നാൽ എല്ലാവരും അറിയാനായി പറയുകയാണ്, അഭിമുഖങ്ങൾക്ക് മുൻകൂട്ടി ചോദ്യങ്ങൾ തരാറില്ല. ആ സെക്കൻഡിൽ ചോദിക്കുന്ന കാര്യത്തിന് അപ്പോൾ തന്നെ മറുപടി പറയുകയാണ് ചെയ്യുന്നത്.
എനിക്കറിയാവുന്ന രീതിയിൽ എന്റെ വാക്കുകളിലൂടെയാണ് ഞാൻ അത് പറയുന്നത്. അതിൽ ശരിയും തെറ്റുമുണ്ടാകാം. അച്ഛനും അമ്മയും പറഞ്ഞു പഠിപ്പിക്കുന്നതല്ലെങ്കിലും അവരിൽ നിന്ന് ഒത്തിരി അറിവുകൾ എനിക്ക് ലഭിക്കാറുണ്ട്. കാരണം എന്നെക്കാളും ഒരുപാട് ലോകം കണ്ടവരും അനുഭവസമ്പത്തുള്ളവരുമാണ് അവർ.
ഒരു സാഹചര്യം എങ്ങനെ നേരിടണം അല്ലെങ്കിൽ അതിലൂടെ കടന്നുപോകുമ്പോൾ എങ്ങനെ പ്രതികരിക്കണം എന്നൊക്കെ പറഞ്ഞുതരുന്നത് അച്ഛനും അമ്മയുമാണ്. അതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും.
പിന്നെ ഇത്രയും നല്ല പ്രഫഷണൽ ആയ ആളുകളുടെ കൂടെ ജോലി ചെയ്യുമ്പോൾ അത് നമ്മുടെ സംസാരത്തിൽ മാത്രമല്ല, പ്രവർത്തിയിലും കൊണ്ടുവരാൻ സാധിക്കും. അഭിനയത്തിലാണെങ്കിലും മറ്റുള്ളവരുടെ ഉപദേശങ്ങൾ സ്വീകരിക്കുന്നത് നമ്മളെ ഒരുപാട് സഹായിക്കുന്ന കാര്യമാണ്. ഇത്രയും നല്ലൊരു ചോദ്യം ചോദിച്ചതിന് ഒത്തിരി നന്ദി.’’ ദേവനന്ദ പറഞ്ഞു.